അര്‍ജുനന്‍ പറഞ്ഞു
ഹേ; ഹൃഷികേശ യീ കേശി നിഷൂദനാ-
യെന്താണു 'ത്യാഗ'-മീ 'സന്യാസ'വും?
ആയതില്‍ തത്ത്വമൊന്നൊന്നായ് ഗ്രഹിക്കുവാ-
നാഗ്രഹം തോന്നുന്നതുണ്ടു നാഥാ! 01
ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു
കാമ്യകര്‍മ്മങ്ങള്‍ തന്‍ ത്യാഗമാകുന്നു സ-
ന്യാസമെന്നും കവി ചൊല്ലുന്നിതേ!
സര്‍വ്വ കര്‍മ്മത്തിന്‍ ഫലത്തെ ത്യജിപ്പതോ
'ത്യാഗ'മെന്നല്ലോ; വിചക്ഷണന്മാര്‍. 02
കാമ്യമായീടുന്ന കര്‍മ്മങ്ങള്‍ ദോഷങ്ങ-
ളാണെന്നുചൊല്ലി ത്യജിപ്പൂ ചിലര്‍.
യജ്ഞ-ദാനം; തപസ്സെന്നിവയ്ക്കായുള്ള
കര്‍മ്മം പവിത്രമതെന്നും ചിലര്‍. 03
കേള്‍ക്ക നീയെന്മതം ഭാരതാ; ത്യാഗവും
മൂന്നു പ്രകാരത്തിലുണ്ടതുമേ. 04
യജ്ഞ-ദാനം, തപസ്സെന്നിവയ്ക്കായിട്ട-
നുഷ്ടിച്ചിടേണ്ടടായുള്ള കര്‍മ്മം
വര്‍ത്തിക്ക വേണം; ത്യജിക്കവേണ്ടായതോ-
പാവനം തന്നെയീ മാനുഷര്‍ക്കും. 05
എങ്കിലോ പാര്‍ത്ഥയിന്നാസക്തനാകാത-
നുഷ്ടിക്ക കര്‍മ്മം; ത്യജിക്ക ഫലം.
ആയതാം കര്‍മ്മങ്ങളൊക്കെ നിന്‍ കര്‍ത്തവ്യ-
മായിടുന്നെന്നതാണെന്റെ മതം. 06
നിയതമാം കര്‍മ്മങ്ങള്‍ താജ്യമാല്ലായവ
വര്‍ത്തിച്ചിടേണ്ടതുമുണ്ടെടൊ നീ.
യുക്തമാല്ലാത്ത മോഹങ്ങളാല്‍ കര്‍മ്മം ത്യ-
ജിക്കുന്ന ത്യാഗം തമോഗുണമേ. 07
നിയതമാം കര്‍മ്മങ്ങളാച്ചരിച്ചീടുകില്‍
ക്ലേശമുണ്ടായിടുമായതിന്നീ-
ദുഃഖത്തിന്‍ ഹേതുവാമെന്നു ധരിച്ചിട്ടു-
കര്‍മ്മം ത്യജിക്കുകില്‍ രാജസവും, 08
നിയതമാം കര്‍മ്മങ്ങ-ളാസക്തനാകാതെ
വിധിപോലെ വര്‍ത്തിച്ചതിന്റെ ശേഷം
ആയ കര്‍മ്മത്തിന്‍ ഫലം ത്യജിച്ചീടുകി-
ലായതോ സാത്വിക ത്യാഗമെടോ. 09
അസുഖ കര്‍മ്മത്തൊടൊട്ടില്ലാ വെറുപ്പു-മാ-
സക്തനല്ലൊട്ടു സുഖമുള്ളതില്‍:
ആയതാം സംശയം കൂടാത്ത ബുദ്ധിമാ-
നാണെടൊ സത്വഗുണ ത്യാഗിയും. 10
ദേഹം ധരിച്ചതാം ദേഹിക്കു കര്‍മ്മങ്ങ-
ളാകെ ത്യജിക്കലസാദ്ധ്യമത്രേ!
ആകയാല്‍ കര്‍മ്മ ഫലത്തെ ത്യജിക്കുന്ന
ദേഹിയെ ചൊല്ലുന്നു ത്യാഗിയെന്നും. 11
സ്വര്‍ഗ്ഗ-നരക മീ-രണ്ടതിന്‍ മദ്ധ്യമെ-
ന്നുള്ള മൂന്നാകുന്നു കര്‍മ്മ ഫലം.
ആയ ഫലങ്ങളീ ത്യാഗിക്കതില്ലങ്ങ-
തുണ്ടു മറ്റുള്ളോര്‍ക്കതെന്നു കേള്‍പ്പൂ. 12
ഹേ; മഹാബാഹു-കേളഞ്ചുണ്ടു കാരണം
സര്‍വ്വ കര്‍മ്മത്തിന്റെ സിദ്ധിക്കതും.
സാഖ്യമാം വേദാന്ത സിദ്ധാന്തമായതി-
ലിപ്രകാരം കേട്ടുകൊള്ളുക നീ. 13
സ്ഥാനമാം 'ദേഹ'-മീ 'കര്‍ത്താവും' പിന്നെയീ-
'കരണ'ങ്ങളാകുന്നൊരിന്ദ്രിയങ്ങള്‍;
നനാവിധത്തിലങ്ങുള്ളതാ'മുദ്യമ'-
മഞ്ചാമനാകുന്ന-'തീശ്വരനും' 14
ന്യാമായ്ക്കൊള്ളട്ടതന്യായകട്ടെ:
ദേഹം, മനസ്സു-നിന്‍ വാക്കതിനാല്‍
വര്‍ത്തിച്ചിടും നിന്റെ വൃത്തിക്കു കാരണ-
മാകുന്നതഞ്ചിതും തന്നെയെടൊ! 15
ആയതാമഞ്ചതും കാണാത്ത വിഢി-'താന്‍-
തന്നെയായീടുന്നു കര്‍ത്താവതും'
എന്നങ്ങു കണ്ടിട്ടും മൂഢാത്മാവായതാം
ദുര്‍മ്മതി കാണ്മതൊട്ടില്ല സത്യം. 16
മിദ്ധ്യാഹങ്കാരമൊട്ടില്ലാതെയൊന്നിലു-
മാസക്തചിത്തനല്ലാത്ത പുമാന്‍:
ഇക്കണ്ട മാനുഷജാലത്തെ കൊല്‍കിലും
ഹിംസകനല്ലവന്‍ ബദ്ധനല്ല. 17
ജ്ഞാനി; ജ്ഞാനം; ജ്ഞേയമെന്നുള്ള മൂന്നതാ-
യീടുന്നു കര്‍മ്മത്തിന്‍ പ്രേരകങ്ങള്‍.
കര്‍മ്മം; കാരണമീ കര്‍ത്താവതെന്നുള്ള
മൂന്നതിന്നായതിന്‍ സംഗ്രഹമേ. 18
കര്‍ത്താവ്; കര്‍മ്മമീ ജ്ഞാനമെന്നുള്ളതാം
മൂന്നതും മുമ്മൂന്നു കേട്ടുകൊള്‍ക.
സത്ത്വ-രജസ്സ്-തമസ്സെന്നുള്ള മൂന്നതി-
ന്നൊത്തു പെരൂത്തതങ്ങൊമ്പതുമേ. 19
സര്‍വ്വ ഭൂതങ്ങളിലൊന്നുപോല്‍ നാശമി-
ല്ലാത്തതായുള്ളതാം ഭാവത്തെയും
ഭിന്നമായുള്ളതിന്നൊന്നായിക്കാണുന്ന
ജ്ഞാനമാകുന്നിതേ സാത്ത്വികവും. 20
സര്‍വ്വ ഭൂതങ്ങളും വെവ്വേറെയാണന്നു-
മായതിന്‍ ഭാവങ്ങളാകയുമേ
നാനാവിധത്തിലങ്ങുള്ളതെന്നുള്ളതാം
ജ്ഞാനമാകുന്നിതേ രാജസവും. 21
കാര്യമാം ദേഹമതാണു സമ്പൂര്‍ണ്ണമെ-
ന്നുള്ളതാം തത്ത്വാര്‍ത്ഥഹീനമായ;
കാരണം കൂടാത്ത, സത്യവും കാണാത്തൊ-
രല്പമാം ജ്ഞാനമോ താമസവും. 22
ഇച്ഛ ഫലത്തിലൊട്ടില്ലാത്ത സംഗ വി-
ഹീനനായിട്ടു നിയതമായി
ദ്വേഷ-രാഗങ്ങളെ തീണ്ടാതനാസക്ത
മായിടും കര്‍മ്മാമോ സാത്ത്വികവും. 23
കര്‍മ്മഫലത്തിലൊട്ടിച്ഛയലാസക്ത-
നായിട്ടഹങ്കാര ബുദ്ധിയോടെ
ഏറെപ്പണിപ്പെട്ടു വര്‍ത്തിച്ചിടും കര്‍മ്മ-
മാകുന്നതുണ്ടെടൊ; രാജസവും. 24
ഭാവിതന്‍ നാശവും കാണാതെയന്ന്യരെ-
പ്പീഡിപ്പിച്ചൊട്ടു മോഹത്തിനാലെ
തന്‍ കഴിവൊത്തങ്ങതല്ലാതെ നഷ്ടമായ്
ചെയ്തിട്ടും കര്‍മ്മാമോ താമസവും. 25
സംഗവിമുക്തനായ് മിദ്ധ്യാഹങ്കാരമൊ-
ട്ടില്ലാതെയുത്സാഹ ധൈര്യമോടെ
സിദ്ധിയസിദ്ധികള്‍ രണ്ടല്ലതൊന്നായി
ക്കണ്ടിടും കര്‍ത്താവു സാത്ത്വികനും. 26
രാഗവാനായ് കര്‍മ്മസിദ്ധിയിലിച്ഛനായ്
ലുബ്ധനായ് ഹിംസതന്‍ ചിത്തനായി
ശുദ്ധിയെത്തീണ്ടാതെ ദുഃഖ-സുഖത്തോടെ
വര്‍ത്തിക്കും കര്‍ത്താവു രാജസനും. 27
യുക്തിയെത്തീണ്ടാത്ത പ്രാകൃതന്‍; നീചനു-
പദ്രവി; പിന്നെയലസനായും;
ദുഃഖിതനായിന്നിന്‍ കര്‍മ്മത്തെ നാളേക്കായ്
നീട്ടിടും കര്‍ത്താവു താമസനും. 28
കേള്‍ക്ക ധനഞ്ജയ; 'ബുദ്ധി'യും, നിശ്ചയ-
ദാര്‍ഢ്യമാകും 'ധൃതി' മൂന്നു വിധം.
ആയതും പ്രകൃതിതന്‍ മൂന്നു ഗുണത്തിനൊ-
ത്താണതിന്‍ ഭേദങ്ങള്‍ കേട്ടുകൊള്ളൂ. 29
വൃത്തി-നിവൃത്തിയും; കാര്യവും കാര്യമ-
ല്ലാത്തതും പിന്നെ ഭയമഭയം:
ബന്ധമെന്നതും; മോക്ഷമെന്തെന്നതും;
തേറുന്ന ബുദ്ധിയോ സാത്ത്വികവും. 30
ചെയ്യേണ്ടതെന്തരുതാത്തതെന്താണ-
ധര്‍മ്മമെന്താണതീ ധര്‍മ്മമെന്നും;
വേര്‍തിരിച്ചുള്ളൊരറിവതില്ലാത്തതാം
ബുദ്ധിയാകുന്നെടൊ രാജസവും. 31
അജ്ഞാനമാകും തമസ്സിനാലാവൃത-
മാകയാലിന്നീയധര്‍മ്മമാകെ
ധര്‍മ്മമായ്ക്കണ്ടിട്ടു സര്‍വ്വം വിപരീത-
മായതാം ബുദ്ധിതാന്‍ താമസവും. 32
തെല്ലും വ്യതിചലിക്കാത്തതാം യോഗത്തൊ-
ടൊത്തു നിന്റെ മനഃപ്രാണേന്ദ്രിയം;
തന്നുടെ വൃത്തികള്‍ നേര്‍വഴിക്കാക്കുമീ
നിന്റെ ധൃതിയതു സാത്ത്വികവും. 33
ഹേ; പാര്‍ത്ഥയേതു ധൃതിയാലിന്നീ ധര്‍മ്മ-
കാര്‍ത്ഥമാകെ ധരിപ്പതുണ്ടേ;
ആയതിലാസക്തനായ് ഫലകാംക്ഷിയാ-
യീടുന്ന നിശ്ചയം രാജസമേ. 34
യാതൊന്നിനാലിന്നുപേക്ഷിപ്പതില്ല നിന്‍
സ്വപ്ന-ശോകം; മദമീ വിഷാദം;
പിന്നെ ഭയമതും; മായയായീടുമീ-
ദുര്‍മ്മേധമാം ധൃതി താമസവും. 35
അഭ്യാസത്താലിന്നിതേതുസുഖത്താല്‍ ര-
മിച്ചു ദുഃഖാന്താവും പ്രാപിപ്പതും;
ആയതായീടും 'സുഖ'മതും മൂന്നുവി-
ധത്തിലങ്ങുണ്ടതും കേട്ടുകൊള്ളു. 36
ആദ്യം വിഷമതായ് തോന്നും പരിണമി-
ച്ചന്ത്യമമൃതതായ് മാറുന്നിതേ
ആയതാമാത്മസാക്ഷാത്കാരമായിടും
സൌഖ്യമാതാകുന്നു സാത്വികവും. 37
ആദ്യമമൃതതായ് തോന്നും പരിണമി-
ച്ചന്ത്യം വിഷമതായ് മാറുന്നിതേ:
ആയതാകും വിഷയേന്ദ്രിയസൌഖ്യമ-
താകുന്നതുണ്ടെടൊ രാജസവും. 38
കേള്‍ക്ക നീയര്‍ജ്ജുനായാദ്യന്തമാകയും
മോഹനമായിടും സൌഖ്യമതും;
പിന്നെ പ്രമാദ-മാലസ്യ-നിദ്രാദിയാ-
ലുണ്ടായിടും സുഖം താമസവും. 39
ഇപ്രകാരത്തികങ്ങുള്ളതായീടുമീ-
പ്രകൃതിതന്‍ മൂന്നു ഗുണത്തില്‍ നിന്നും
മുക്തനായുള്ളവനുണ്ടാകയില്ല യീ
ഭൂമിയിലും; സ്വര്‍ഗ്ഗലോകത്തുമേ. 40
ബ്രാഹ്മണ-ക്ഷത്രിയ-വൈശയ-ശൂദ്രര്‍തന്റെ
കര്‍മ്മങ്ങള്‍ നാലതും ഭിന്നമത്രെ!
ആയ വിഭിന്നങ്ങളായി വര്‍ത്തിപ്പതിന്‍
ഹേതു ഗുനത്രയം ണ മറ്റൊന്നള്ള. 41
ശാന്തചിത്തം;പിന്നെയാത്മസംയമനവും
പിന്നെത്തപസ്സു; ശുചിത്ത്വം ക്ഷമ:
ജ്ഞാനവിജ്ഞാനങ്ങളാര്‍ജ്ജവമാസ്തിക്യ-
മായ സ്വഭാവമോ ബ്രാഹ്മണവും. 42
ശൌര്യ-തേജസ്സു്; ദൃഢമുള്ളതാം നിശ്ചയം
പിന്തിരിഞ്ഞോടാത്ത യുദ്ധവീര്യം;
ദാനങ്ങളീശ്വരഭാവം പ്രഭുത്വങ്ങ-
ളായവ ക്ഷാത്രമാം കര്‍മ്മഭാവം. 43
കാര്‍ഷികവൃത്തിയീഗോരക്ഷ; വാണിജ്യ-
മായതാകും ഭാവം വൈശ്യകര്‍മ്മം.
നിത്യം പരിചരിപ്പന്യരെയെന്നതാ-
യീടുന്നു ശൂദ്രന്റെ കര്‍മ്മഭാവം. 44
തന്റെ ഭാവത്തിനൊത്തുള്ളതാം കര്‍മ്മങ്ങള്‍
നിഷ്ടയായ് ചെയ് വവന്‍ സിദ്ധനത്രെ.
നിയതമാം കര്‍മ്മനിരതനിന്നെങ്ങിനെ
സിദ്ധിയെ സിദ്ധിപ്പു: കേട്ടുകൊള്‍ക. 45
യാതൊന്നില്‍ന്നും പ്രവൃത്തിയുണ്ടാകുന്നി-
തെന്തതു സര്‍വത്ര വ്യാപിപ്പതും:
ആയതാം വിശ്വേശ്വരനിലര്‍പ്പിപ്പുനിന്‍
കര്‍മ്മത്തെ ലഭ്യമാം സിദ്ധിയുമേ. 46
നിന്റെഭാവത്തിനൊത്തുള്ള നിന്‍ കര്‍മ്മത്താ-
ലുണ്ടായിടും ദോഷമെന്നാകിലും;
ആയതു ശ്രേഷ്ഠമായിടും പരന്റെ കര്‍-
മ്മങ്ങള്‍ നീ വൃത്തിയായ് ചെയ് വതിലും. 47
ഹേ; കുന്തിനന്ദനാ നിന്റെ സഹജമാം
കര്‍മ്മത്താല്‍ ദോഷം ഭവിക്കുകിലും;
ആയ നിന്‍ കര്‍മ്മം ത്യജിക്കൊല്ലെ-യഗ്നിയും-
മാവൃതമല്ലയോ ധൂമത്തിനാല്‍. 48
ആസക്തമുക്തനായ് ചിത്തം ജയിച്ചിട്ടു-
ഭൌതിക സൌഖ്യം ത്യജിക്കുന്നൊരീ
സന്യാസി പ്രാപിപ്പതുണ്ടുതാനൊന്നുമേ
ചെയ്യുന്നതില്ലെന്ന ഭാവത്തെയും. 49
ഇപ്രകാരത്തില്‍ 'നൈഷ്ക്കര്‍മ്മ്യ'മായീടുന്ന
സിദ്ധിയെ സിദ്ധിച്ചതിന്റെ ശേഷം
ബ്രഹ്മത്തെ പ്രാപിപ്പതെപ്രകാരത്തിലെ-
ന്നുള്ളതാം ജ്ഞാനത്തെ കേട്ടുകൊള്‍ക. 50
ശുദ്ധമാം ബുദ്ധിയാല്‍ നിശ്ചയദാര്‍ഢ്യനാ-
യാത്മനിയന്ത്രിതനായിട്ടു നീ
ശബ്ദാദിയിന്ദ്രിയ ഭോഗം ത്യജിച്ചിട്ടു-
ദ്വേഷ-രാഗങ്ങളെ തീണ്ടാതെയും; 51
വിജനത്തിലേകനായ് മിതഭോജിയായി നീ
വാക്മാനോകായത്തെ കീഴടക്കി;
വൈരാഗ്യത്തോടെ നീ സര്‍വ്വദാ ധ്യാനയോ-
ഗാദി സമാധിയിലേറിക്കൊണ്ടും; 52
മിദ്ധ്യാഹങ്കാരം; ബലം പിന്നെ ഗര്‍വ്വതും
കാമമീ ക്രോധം; പരിഗ്രഹത്തെ;
വര്‍ജ്ജിച്ചു നിര്‍മ്മമാനായിട്ടു ശാന്തനാ-
യീടുകില്‍ പ്രാപിപ്പൂ ബ്രഹ്മപദം. 53
ആയവന്‍ ബ്രഹ്മഭൂതന്‍ പ്രസന്നാത്മാവ-
തില്ല ശോകം തെല്ലുകാംക്ഷയുമേ.
സര്‍വ്വഭൂതങ്ങള്‍ സമാസമം ദര്‍ശ്ശനം:
പ്രാപിപ്പു; ഭക്തിയിന്നെന്റെയുമേ. 54
ഭക്തിയാല്‍; ഞാനിതാരെന്നുമിതെപ്രകാ-
രത്തിലെന്നുള്ളതാം തത്ത്വത്തെയും;
നേരോടറിഞ്ഞിട്ടനന്തരമായവ-
രെന്നിലേക്കന്തര്‍ഗമിച്ചിടുന്നു. 55
എന്നെശരണമായ് പ്രാപിച്ചു സര്‍വ്വദാ
സര്‍വ്വകര്‍മ്മങ്ങളുമാചരിക്കും
മര്‍ത്യനതെങ്കിലുമെന്‍പ്രസാദത്തിനാല്‍
പ്രാപിപ്പതവ്യയന്റെ പദം. 56
പൂര്‍ണ്ണമായെന്നിലാസക്തനായ് സര്‍വ്വകര്‍-
മ്മങ്ങളിന്നെന്നിലേക്കാക്കിയിട്ട്
ബുദ്ധിയോഗത്തിലുറച്ചുനിന്‍ ചിത്തത്തെ-
യെന്നിലുറപ്പിച്ചു നീ ഭവിക്ക. 57
നിന്‍ മനസ്സെന്നിലെക്കാക്കി നീ വര്‍ത്തിക്കി-
ലെന്‍ പ്രസാദത്തിനാല്‍ സര്‍വ്വ വിഘ്നം:
നീ കടന്നീടുമതല്ലഹങ്കാരിയാ-
യെന്നെ വര്‍ജ്ജിക്കിലോ സര്‍വ്വ നാശം. 58
'ഇല്ല; ഞാന്‍ യുദ്ധത്തിനില്ലെ'ന്നഹങ്കാര-
ചിത്തനായിന്നു നീ ചിന്തിക്കുകില്‍;
ആയതോ മിഥ്യ; നിന്‍ പ്രകൃതിതന്‍ ഭാവത്തി-
നൊത്തവണ്ണം രണം ചെയ്തിടും നീ. 59
യാതൊന്നു മോഹത്തിനാലെ വര്‍ത്തിപ്പതി-
ല്ലെന്നു നീയിച്ഛിപ്പതുണ്ടതുമേ;
വര്‍ത്തിച്ചിടും ബാദ്ധനായിട്ടതാണുനിന്‍
ജന്മഭാവത്തിനൊത്തുള്ള കര്‍മ്മം. 60
സര്‍വ്വഭൂതങ്ങള്‍തന്‍ ഹൃത്തില്‍ വസിച്ചിട്ടി-
തെന്ത്രങ്ങള്‍ പാവയെയെന്നപോലെ;
മായകൊണ്ടീജീവജാലത്തെയാകെ ഭ്ര-
മിപ്പിപ്പതീശ്വരന്‍ തന്നെയെടോ. 61
ആയതാമീശനെ ശരണമായ് പ്രാപിച്ചി-
താത്മാര്‍പ്പണം ചെയ്യുമെങ്കിലിന്നീ-
യീശ്വരന്‍ തന്‍പ്രസാദത്തിനാലിന്നുനീ
ശാശ്വതശാന്തിയെ പ്രാപിച്ചിടും. 62
ഇപ്രകാരം ഗുഹ്യമായത്തില്‍ ഗുഹ്യമാം
ജ്ഞാനത്തെ ഞാനുപദേശിച്ചതും
ആയതിന്നെ വേണ്ടപോലെ ചിന്തിച്ചതിന്‍-
ശേഷം ഹിതംപോലെ ചെയ്ക നീയും. 63
കേള്‍ക്ക വീണ്ടും പാര്‍ത്ഥയെത്രയും ഗുഹ്യമാ-
മെന്റെ യീ പരമമാം വാക്കുകളെ-
ചൊല്ലിത്തരുന്നു നിന്‍ മേന്മാക്കതായിട്ട-
തെന്റെ സഖാവുനീതന്നെയെടോ. 64
എന്നില്‍ മനസ്സുറച്ചെന്നുടെ ഭക്തനാ-
യെന്നെ നമിച്ചെജ്ഞം ചെയ്യെനിക്കായ്..
ഇപ്രകാരത്തില്‍ നീ വര്‍ത്തിക്കില്‍ നിശ്ചയം
പ്രാപിപ്പതെന്നില്‍ നീയെന്റെ പ്രിയന്‍. 65
ഹേ പാര്‍ത്ഥ; സര്‍വ്വകര്‍മ്മങ്ങള്‍ വര്‍ത്തിച്ചുനീ-
യെന്നെശ്ശരണമായ് പ്രാപിക്കുക.
സര്‍വ്വപാപങ്ങളില്‍നിന്നുഞ്ഞാന്‍ മോചനം
നല്‍കിടാം ദുഃഖം വെടിഞ്ഞുകൊള്‍ക. 66
ചോല്ലരുതീ രഹസ്യം തപസ്സില്ലാത്ത
ഭക്തനല്ലാത്തതാം മര്‍ത്ത്യന്നു നീ!
കേള്‍ക്കുവാനിച്ഛയില്ലാത്തവന്നും പിന്നെ
നിന്ദിപ്പവന്നുമായ് ചൊല്ലിടൊല്ലേ. 67
പരമമായീടുമീ ജ്ഞാനത്തെയെന്‍ഭക്ത-
ദാസര്‍ക്കു ചൊല്ലി ക്കൊടുത്തിടുന്ന-
ശുദ്ധരാം ഭക്തരോ പ്രാപിച്ചിടുന്നുണ്ട-
തെന്നിലും സംശയം വേണ്ടയല്ലോ. 68
ആയതാം ഭക്തരീ മര്‍ത്ത്യരില്‍ വച്ചെനി-
ക്കെത്രയുമിഷ്ടരായീടുന്നെടൊ.
ആയവരെക്കാളുമിഷ്ടരായുള്ളോരി-
ന്നുണ്ടാകയില്ലിഹലോകത്തിലും. 69
നാം തമ്മിലുള്ളൊരീ ധര്‍മ്മ സംഭാഷണ-
മഭ്യസിച്ചീടുന്ന മര്‍ത്ത്യരതും;
ആരാധിച്ചീടുകയാണവരെന്നെയും
ജ്ഞാനമെന്നുള്ളതാമെജ്ഞത്തിനാല്‍. 70
വിശ്വാസത്തോടിന്നസൂയയെതീണ്ടാതീ
ഭാഷണം കേള്‍ക്കുന്ന മാനുഷരും
ശ്രവണമെന്നുള്ളതാം യോഗത്തിലൂടവ-
രെത്തുന്നതെന്നിലേക്കാണുപാര്‍ത്ഥ. 71
പാര്‍ത്ഥനാര്‍ജുനായെന്‍ 'ശ്രുതി'യാകയു-
മേകാഗ്രചിത്തനായ് കേട്ടുവോ നീ?
അജ്ഞാനത്താലിന്നുദിച്ച സമ്മോഹങ്ങ-
ളാകയും ഈങ്ങിയതില്ലെ! പാര്‍ത്ഥ? 72
അര്‍ജുനന്‍ പറഞ്ഞു
അച്യുതായങ്ങുതന്‍ പ്രാസാദമേറ്റൊരെന്‍
മോഹം നശിച്ചു; 'സ്മൃതി'ലഭിച്ചു.
എന്റെ സന്ദേഹങ്ങളാകയും നീങ്ങിഞാ-
നങ്ങുതന്‍ വാക്കിനെ പാലിപ്പതും. 73
സഞ്ജയന്‍ പറഞ്ഞു
ഇപ്രകാരം വാസുദേവനും പാര്‍ത്ഥനാ-
മര്‍ജുനന്‍തന്റെയും ഭാഷണങ്ങള്‍
അത്ഭുത-രോമഹര്‍ഷങ്ങളോടൊത്താമ-
ഹാത്മാക്കള്‍ തന്‍ മൊഴി കേട്ടു ഞാനും. 74
വ്യാസദേവന്‍ തന്‍ പ്രസാദത്തിനാലെത്രയും
ഗുഹ്യമായീടുമീ യോഗത്തിനെ
യോഗയോഗേശനാമീശനാം കൃഷ്ണന്റെ
വാക്കിനാല്‍ കേള്‍ക്കാനുമായി യോഗം. 75
ഹേ രാജ; കൃഷ്ണാര്‍ജുനന്മാര്‍ തന്നത്ഭുത-
സംവാദമാകുമീ കര്‍ണ്ണാമൃതം;
പേര്‍ത്തുപേര്‍ത്തോര്‍ത്തോര്‍ത്താനന്ദപുളകിത-
നാകുന്നതുണ്ടുഞ്ഞാന്‍ രാജ രാജ. 76
ഹേ രാജ; വിഷ്ണുതന്നത്ഭുത്ത വിശ്വമാ-
യീടുന്ന രൂപത്തെയോര്‍ത്തുവീണ്ടും
എത്രയും വിസ്മയത്തോടൊത്തിതാനന്ദ-
മാകും ലഹരിയില്‍ മുങ്ങിടുന്നു. 77
യാതൊരിടത്തു യോഗേശനാം കൃഷ്ണനോ-
ടൊപ്പമീ വില്ലാളി പാര്‍ത്ഥനുണ്ടോ!
ആയിടത്താ'ണഭിവൃദ്ധി-വിജയമൈ-
ശ്വര്യമീ നീതി'യെന്നെന്റെ മതം. 78
ഇപ്രകാരം മലയാളഗീതയുടെ മോക്ഷസന്യാസയോഗം
എന്ന പേരിലുള്ള പതിനെട്ടാമദ്ധ്യായം സമാപ്തം.
ശ്രീകൃഷ്ണാര്‍പ്പണമസ്തു.
